മുരളി ഗോപിക്ക് അഭിനന്ദനങ്ങൾ. എമ്പുരാൻ തിയറ്ററിൽ തന്നെ പോയി കാണണം. നല്ല എൻ്റർടെയ്നറാണ്. ത്രില്ലിങ്ങ്, ചില്ലിങ്ങ്....ഉഗ്രനായി എടുത്തിട്ടുണ്ട്. പ്രിഥ്വിരാജ് സുകുമാരൻ നല്ലൊരു സംവിധായകനാണെന്ന് തെളിയിച്ചിട്ടുണ്ട്.
മേൽപ്പറഞ്ഞതൊക്കെ സിനിമ എന്ന മീഡിയത്തിൽ എടുത്ത എമ്പുരാൻ എന്ന കഥയെ കുറിച്ചാണ്. പക്ഷെ ഇനി പറയുന്നത് ചിലപ്പോൾ പലർക്കും ഇഷ്ടപ്പെടില്ല. പ്രത്യേകിച്ച് സിനിമയെ ഒരു കലാസൃഷ്ടി എന്നതിനപ്പുറം മനുഷ്യമനസ്സുകളെ സ്വാധീനിക്കാനും അടിമകളാക്കാനും ഉദ്ദേശിച്ച് കലയെ പ്രബോധനത്തിന് ഉപയോഗിക്കുന്നവർക്ക് ഒട്ടും ഇഷ്ടപ്പെടില്ല. ഇതിനെ വെറും സിനിമയായെടുത്താൽ നല്ലൊരു സിനിമ മാത്രമാണ്. അതല്ല ഇതിനെ സാമൂഹിക മത രാഷ്ട്രീയ സാമുഹിക വിമർശനത്തിനായി പരിശോധിച്ച് വിവാദമുണ്ടാക്കുന്നവർ പിന്നീട് പറയേണ്ടി വരും - ഈ സിനിമ വെറും സിനിമയല്ല ഒരു ചരിത്ര പഠന റിപ്പോർട്ടാണെന്ന്! അങ്ങനെയാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ
എമ്പുരാൻ ഒരു ക്രിസ്ത്യൻ പ്രബോധന സിനിമയാണ്! നീതി, ന്യായം, സത്യം, സ്നേഹം, ദൈവിക വിശ്വാസം, മാനുഷികത തുടങ്ങിയ മൂല്യങ്ങളുടെ നേരേ ലോകാവസാനകാലത്ത് ഉയരുന്ന ആക്രമണങ്ങൾക്കെതിരെ സ്വർഗ്ഗത്തിൽ നിന്ന് പുറന്തള്ളപ്പെട്ടുവെന്ന് പറയപ്പെടുന്ന ഒരു മാലാഖ - അതാണ് തമ്പുരാന് മുകളിലും ദൈവത്തിന് താഴെയുള്ള - തിരിച്ചടിക്കുന്നതാണ് പറഞ്ഞു വയ്ക്കുന്ന കഥ. ലൂസിഫർ എന്ന് പിശാചിനെ അടയാളപ്പെടുത്തുമ്പോൾ ആ വാക്കിന് the morning star എന്നാണ് അർഥം നൽകിയിട്ടുള്ളതെന്ന് വിമർശക വിശ്വാസികൾ പഠിച്ചിട്ടില്ല എന്ന് തോന്നുന്നു. നായകൻ്റെ പേര് സ്റ്റീഫൻ നെടുമ്പള്ളി എന്നാണ് സ്തെഫാനോസാണ് സ്റ്റീഫൻ്റെ ബിബ്ലിക്കൽ നാമം. ക്രിസ്തു ശിഷ്യനായ സ്തെഫാനോസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് ക്രിസ്തുമത ചരിത്രത്തിൽ. യേശുക്രിസ്തുവിൻ്റെ ശിഷ്യനെന്നും സുവിശേഷത്തിൻ്റെ പ്രചാരകനെന്നും ഉള്ള ഒറ്റക്കാരണത്താൽ രക്തസാക്ഷിയായ ആദ്യ ക്രിസ്ത്യാനിയാണ് സ്തെഫാനോസ്. ആ നീതിമാൻ്റെ രക്തത്തിലാണ് നെടുംപള്ളികൾ(വലിയപള്ളികൾ ) ലോകമാകെ വ്യാപിച്ചത്. നായകൻ്റെ പ്രധാന നാമം അതാണ്. സ്റ്റീഫൻ നെടുമ്പള്ളി. നായകൻ്റെ അന്തർദേശീയ പേരിലുമുണ്ട് പ്രത്യേകത. അബ്രാം ഖുറേഷി. ഇതിൽ അബ്രാം എന്ന വാക്കിലേക്ക് വന്നാൽ ക്രിസ്തുമത വിശാസപ്രകാരവും യഹൂദമത വിശ്വാസ പ്രകാരവും സത്യ ഏകദൈവമായ യഹോവ യിൽ വിശ്വസിക്കുകയാൽ സത്യവിശ്വാസികളുടെ പിതാവായി കരുതപ്പെടുന്ന അബ്രാഹത്തിൻ്റെ (ഫാദർ ഏബ്രഹാം) ആദ്യത്തെ പേരാണ് അബ്രാം. വിശ്വാസം സ്വീകരിച്ചത് മുതലാണ് അബ്രാം, അബ്രാഹമായത്. ബൈബിൾ പഴയ നിയമം ഉൽപ്പത്തി പുസ്തകം പരിശോധിച്ചാൽ മതി കാര്യം ഗ്രഹിക്കാൻ. ഇനി ഖുറേഷിയിലേക്ക് വരാം. അറേബ്യയിലെ മക്കയിലും മദീനയിലും ജാഹലിയ കാലത്ത് നിലനിന്നിരുന്ന ഒരു ഗോത്രമാണ് ഖുറേഷികൾ. പ്രോഫറ്റ് മുഹമ്മദിൻ്റെ ഗോത്രമായിരുന്നത്. ബഹുദൈവ വിശ്വാസികളായ ഈ ഗോത്രത്തിൻ്റെ ആരാധാന കേന്ദ്രമായിരുന്നു കഅബ. മുഹമ്മദിലെ പ്രവാചകത്തത്തെ തള്ളിക്കളയുകയും എതിർക്കുകയും ചെയ്തിരുന്ന ഖുറേഷികളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് മുഹമ്മദ് മദീനയിലേക്ക് പോയത്.പിന്നീട് സംഘടിത ശക്തിയായി വളർന്ന മുഹമ്മദും സംഘവും മക്ക പിടിച്ചെടുക്കുകയും ഗോത്രത്തിന് അറുതി വരുത്തുകയും ചെയ്തു.. ഇസ്ലാം മതം ഉണ്ടാകുന്ന കാലം വരെ നിലനിന്നിരുന്ന ജാഹലിയ കാലത്തെ ആ വംശം നിരവധി നല്ല മാനുഷിക മൂല്യങ്ങൾ പാലിക്കുകയും ഗോത്രഭരണ പ്രദേശത്ത് മതേതരത്വം നിലനിൽക്കുകയും ചെയ്തിരുന്നു. എന്നാൽ അറേബ്യൻ ഉപ ദ്വീപിൽ നിന്ന് മതേതരത്വം നിഷ്കാസനം ചെയ്യപ്പെടുന്നത് വരെ പ്രസക്തമായിരുന്ന മതേതരത്വ ആശയങ്ങൾ പിന്തുടർന്നിരുന്ന ഗോത്രമായിരുന്ന ഖുറേഷി എന്ന ഗോത്രത്തിൻ്റെ പേര് നായകനായ സ്റ്റീഫൻ്റെ മറ്റൊരു പേരായ അബ്രാമിനൊപ്പം ചേർത്ത് വച്ചത് മുരളി ഗോപി എന്ന കഥാകൃത്തിൻ്റെ ബ്രില്യൻസാണ്.
എമ്പുരാൻ - സിനിമ എന്ന കലാസൃഷ്ടി മാത്രമെങ്കിൽ മൂന്നു മണിക്കൂറോളം കണ്ടിരിക്കാൻ പറ്റിയ ഒരു അടിപൊളി എൻ്റർടെയ്നറാണ്. എന്നാൽ ഈ സിനിമയെ നിങ്ങൾ ഒരു പ്രബോധനാത്മക മാധ്യമ പ്രചാരണ വേലയായി നിങ്ങൾ കണക്കാക്കുന്നെങ്കിൽ അത് ഒരു ബൈബിൾ' പ്രമോഷൻ ചിത്രമാണ് എന്ന് നിങ്ങൾ സമ്മതിക്കേണ്ടി വരും. അത് ഹിന്ദുയിസത്തേയും ഹിന്ദുത്വയേയും വ്യക്തമായി വേർതിരിച്ച് വിമർശിക്കുകയും ഇസ്ലാമിക തീവ്രവാദത്തെ വളരെ കഠിന ലളിതമായി ആക്രമിക്കുകയും ചെയ്യുന്നതാണ്. ഒരു കൂട്ടം മതമൗലീക വാദികൾ അഴിച്ചുവിട്ട വർഗീയ ലഹളയെ തുടർന്ന് രക്ഷതേടിയെത്തുന്ന തീവ്രവാദത്തെ രുചിക്കാത്ത മുസ്ലീം കുടുംബത്തെ കാണിച്ചുതരുന്നു. നന്മയുള്ള മതേതര ഖുറേഷി വംശ പശ്ചാത്തലത്തിലാണ് സിനിമ തുടങ്ങുന്നത്. ഇനി അവർക്ക് അഭയമൊരുക്കുന്ന മൗസി എന്ന് വിളിക്കപ്പെടുന്ന സുഭദ്ര ബെൻ എന്ന തമ്പുരാട്ടിയുടെ മുഖം മനോഹരമായ ഇന്ത്യൻ ദ്രാവിഡ സംസ്കാരമെന്ന് വിളിക്കപ്പെടുന്ന ഹിന്ദു യിസത്തിൻ്റെ ഹൃദ്യത നിറയ്ക്കുന്നതാണ്. അപ്പോൾ മുന്നയാര്? ബജരംഗിയെന്ന പേര് മാറ്റപ്പെട്ട് ബാബാ ബൽരാജായി വന്നവനാര്? എന്താണവർ പറയുന്ന തത്വശാസ്ത്രം ? അപ്പുറം സയ്ദ് മസൂദിലേക്ക് എത്തുമ്പോൾ വീണ്ടും മറ്റൊരു ചോദ്യം ഉയരുന്നുണ്ട് . വിശപ്പ് മാറ്റാൻ എറിഞ്ഞു കൊടുക്കപ്പെടുന്ന റൊട്ടിക്കൊപ്പം തങ്ങളുടെ ശത്രു ഹിന്ദുസ്ഥാൻ ആണെന്ന് പഠിപ്പിക്കുന്ന മതമൗലീകത എന്താണ്? തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഹിന്ദുയിസം, ഹിന്ദുസ്ഥാൻ എന്നിവയിലേക്ക് ചരിത്ര ചർച്ചയ്ക്ക് വഴിതെളിക്കുന്ന സിനിമയാണ് എമ്പുരാൻ എന്ന് സിനിമയുടെ എതിരാളികളിലെ ഒരു വിഭാഗം സമ്മതിച്ചു കൊടുക്കേണ്ടി വരും. അതോടൊപ്പം നന്മകൾ നിറഞ്ഞ അറേബ്യൻ ജാഹലിയ കാലത്തെ കുറിച്ച് പുനർവിചിന്തനം നടത്തേണ്ടി വരും മറ്റൊരു വിഭാഗത്തിന്.യാർത്ഥത്തിൽ നന്മകൾ നിറഞ്ഞ ജാഹലിയ കാലത്തിനും സിന്ധു നദീതടത്തിലെ മഹാ മാനുഷികതയുടെ ദ്രാവിഡ സംസ്കാരത്തിൻ്റെ മഹത്തായ ഹിന്ദുയിസ ജീവിത ചര്യയുടെയും നന്മകൾക്കിടയിൽ മനുഷ്യപുത്രൻ എന്ന് സ്വയം തന്നെത്തന്നെ അടയാളപ്പെടുത്തിയ സ്വർഗ്ഗീയ നീതിയുടെ ദൈവപുത്രൻ യേശുക്രിസ്തുവിൻ്റെ തത്വശാസ്ത്രത്തെ മുറുകെ പിടിക്കുകയാണ് മുരളി ഗോപി എന്ന കഥാതിരക്കഥാകൃത്ത് ! അതും ഏക സത്യവിശ്വാസികളുടെ പിതാവായ അബ്രാഹത്തിൻ്റെ പൂർവ്വനാമമായിരുന്ന അബ്രാം എന്നും ആദ്യ കൃസ്ത്യൻ രക്തസാക്ഷിയായ സ്റ്റീഫൻ്റെ പേരും സ്വന്തം നായിക കഥാപാത്രത്തിന് കൽപ്പിച്ചു നൽകിയാണ് മുരളി തനിക്ക് പറയാനുള്ളത് പച്ചയ്ക്ക് തന്നെ പറഞ്ഞു വയ്ക്കുന്നത്. പി.കെ.രാംദാസ് എന്ന ആദർശത്തിൻ്റെ പേരാണ് ഹിന്ദുയിസത്തിൽ വരച്ചു ചേർക്കപ്പെടുന്നത്. ഫാദർ നെടുമ്പള്ളി നടത്തുന്ന അഗതിമന്ദിരം മുതൽ ഇറാഖിലെ മതവൈര പോരാട്ടത്തിൽ തകർക്കപ്പെട്ട കൃസ്ത്യൻ ദേവാലയം വരെ നീളുന്ന ചിത്രത്തിൽ ക്രിസ്തീയതയുടെ മാനുഷിക മഹത്വവും ഹിന്ദുയിസത്തിൻ്റെ വിശാലമാനുഷികതയും ജാഹലിയ കാലഘട്ടത്തിലെ മനുഷ്യത്വവും വരച്ചുകാട്ടുമ്പോൾ പൊള്ളുന്നുണ്ട് ആർക്കെങ്കിലുമെങ്കിൽ അതവർ ഇരന്നു ചോദിച്ചു വാങ്ങുന്ന കുറ്റവിചാരണയാണ്.
സ്വന്തം പ്രത്യയശാസ്ത്രത്തിൻ്റെ കാപട്യം ലോകം തിരിച്ചറിഞ്ഞെങ്കിലോ എന്ന ഭയത്തിലേക്കാണ് ബൈബിളിലെ അതിനിഗൂഡത നിറഞ്ഞ 666 എന്ന നമ്പർ ചേർത്ത പി.കെ. രാംദാസിൻ്റെ കറുത്ത കാർ ഓടി വന്ന് നിൽക്കുന്നത്. സയ്യിദ് മസൂദ് എന്ന പേരിലെ സയ്യിദിനെ നിങ്ങൾക്ക് ജാഹലിയ ചരിത്രത്തിൽ കാണാം. ഖുറേഷി വംശത്തിലെ നന്മകളിൽ ഒന്നായിരുന്ന ദത്തുപുത്ര സങ്കൽപ്പത്തിലും അനാഥസംരക്ഷണത്തിലും സയ്ദ് എന്ന പേരിന് പലതും പറയാനുണ്ടാകും. അനീതികളെ തുടച്ചു മാറ്റാൻ രഹസ്യങ്ങൾ സൂക്ഷിക്കുന്ന ബ്രിട്ടിഷ് ബോറിസ് ഒലിവറും ഒക്കെ നല്ല രാഷ്ട്രീയത്തിൻ്റെ വക്താക്കളാകുമ്പോൾ സജനചന്ദ്രൻ പറഞ്ഞു വയ്ക്കുന്ന കേരള രാഷ്ടീയമെന്തെന്ന് എമ്പുരാൻ്റെ പിന്നാമ്പുറം തിരയുന്നവർ പറയേണ്ടതല്ലേ? മുന്നയുടെയും ബാബ ബൽരാജിൻ്റെയും രാഷ്ട്രീയമാണോ നിങ്ങളുടെ രാഷ്ട്രീയം? ആണെന്ന് നിങ്ങൾ നിങ്ങളെ അടയാളപ്പെടുത്തുകയാണോ? അതോ പി.കെ. രാംദാസിൻ്റെ, പ്രിയദർശിനി രാംദാസിൻ്റെ,സ്റ്റീഫൻ്റെ മനുഷ്യപുത്ര രാഷ്ട്രീയമാണോ നിങ്ങൾ ചവിട്ടിതേയ്ക്കാൻ നടക്കുന്നത്?
പള്ളിയിയുടെ മുകളിൽ നിന്നും പൊട്ടിയടർന്ന് നിലത്ത് വീഴുന്ന കുരിശിൽ നിങ്ങൾ മതവിദ്വേഷം കാണുന്നെങ്കിൽ ഇരുട്ട് നിറഞ്ഞ ലഹരിയുടെ അധോലോക ഭീകരൻ കബൂഗയുടെ തലച്ചോറ് തെറിപ്പിക്കാൾ തിളങ്ങുന്ന കുരിശിന് മുന്നിലേക്കെത്തുന്ന സയ്ദ് മസൂദിനെയും കുരിശിലേക്ക് മുഖം വച്ചിരുന്ന് നീതിയുടെ നീതീകരണം ഉണർത്തിക്കുന്ന അബ്രാം ഖുറേഷിയേയും നിങ്ങൾ പുകഴ്ത്തേണ്ടി വരില്ലേ? സ്റ്റീഫനെയും പി.കെ.രാംദാസിനെയും നയിക്കുന്ന നെടുമ്പള്ളിയിലെ ആ പുരോഹിതനേയും അതിലൂടെ വിരിയുന്ന വിശുദ്ധ ത്രിവർണ രാഷ്ടീയകക്ഷിയേയും നിങ്ങൾ ഭയപ്പെടുന്നു. നിങ്ങൾക്ക് ഭയമാണ്. ഉൽപ്പത്തി മുതൽ വെളിപാട് വരെ നീളുന്ന ബിബ്ലിക്കൽ പ്രതീകങ്ങളെ, മനുഷ്യപുത്രനായ ദൈവപുത്രനെ, കുരിശിനെ, ഹിന്ദുയിസത്തെ, ഖുറേഷി ജാഹലിയ കാലത്തെ, ത്രിവർണ്ണ ദേശീയ സംസ്കാരത്തെ, അതിൻ്റെ രാഷ്ട്രീയത്തെ..... അതാണ് നിങ്ങൾ എമ്പുരാൻ എന്ന സിനിമയെ ഭയപ്പെടുന്നത്. നിങ്ങൾ മതവും രാഷ്ട്രീയവും വച്ചാണ് എമ്പുരാനേ വിലയിരുത്തുന്ന തെങ്കിൽ അത് ഒരു ക്രിസ്തീയ പക്ഷ, ഒരു സത്യനീതി സമവാക്യ പക്ഷ, കോൺഗ്രസ് പക്ഷ, ദ്രാവിഡ ഹിന്ദുയിസ പക്ഷ,, ജഹലിയ ഖുറേഷി പക്ഷ ഉത്തമ മതേതര സത്യം ചൂണ്ടിക്കാട്ടുന്ന പ്രബോധന സിനിമയാണ്. അതൊക്കെ തെറ്റാണ് എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ നിങ്ങളുടെ പ്രത്യയശാസ്ത്രം എന്താണെന്ന് നിങ്ങൾ പറയേണ്ടി വരും. സിനിമയിൽ വിഭാഗീയതയും നിന്ദയും നിങ്ങൾ കാണുണങ്കിൽ നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രം എന്തന്ന് നിങ്ങൾ പറയേണ്ടി വരും. ഒരു കുരിശ് തല കുത്തി വീഴുന്നത് കാണുമ്പോൾ പോകുന്നതാണ് നിൻ്റെയൊക്കെ ക്രിസ്തു വിശ്വാസമെങ്കിൽ നിൻ്റെയൊക്കെ വിശ്വാസം എന്തൊരു ദുരന്തമാണ്? ഇതൊന്നുമല്ല എങ്കിൽ എമ്പുരാൻ വെറും മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒരു വിനോദ സിനിമ മാത്രമാണ്. അത് അങ്ങനെ മാത്രം കണ്ടാൽ പോരേ?
/ കുറിപ്പ്: കെ.കെ.വൈശമ്പായനൻ/
Is Empuran a movie or a study? A loss or a gain for Christianity?